ദേശചരിത്രം

ദേശചരിത്രം


അരുവിയുടെ കരയായതുകൊണ്ട് കൂടിയാണ് ഈ ഗ്രാമത്തിന് അരുവിക്കര എന്ന പേര് വന്നതുതന്നെ. പൌരാണിക ആയൂര്‍വേദാചാര്യനായ അഗസ്ത്യമുനിയുടെ ആസ്ഥാനമായി കരുതപ്പെടുന്ന അഗസ്ത്യാര്‍കൂടത്തില്‍ നിന്നും ഉത്ഭവിച്ച് അരുവിക്കരഗ്രാമത്തിന്റെ മധ്യഭാഗത്തുകൂടി കരമനയാര്‍ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്നു. പുലയസമുദായത്തിന്റെ രാജ്ഞി കോതറാണി ഭരിച്ച കോക്കോതമംഗലവും, സാമ്പവകൊട്ടാരം നിലനിന്നിരുന്ന വെമ്പന്നൂരും അരുവിക്കരയിലെ പ്രദേശങ്ങളാണ്. ഇവിടുത്തെ വനങ്ങളില്‍ നായാട്ടിനെത്തുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിശ്രമസമയത്തു കുതിരകളെ കെട്ടിയിരുന്ന കുതിരകളം ഇപ്പോഴും ഇവിടെയുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവു രാജകൊട്ടാരം പണിയുന്നതിനും അരുവിക്കരയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പ്രശ്നവശാല്‍ ദേവിയുടെ ഹിതത്തിന് എതിരാണെന്ന് മനസ്സിലാക്കി മഹാരാജാവ് അതില്‍ നിന്നു പിന്തിരിയുകയായിരുന്നുവത്രെ. രാജഭരണകാലത്തു പണിതീര്‍ത്ത അരുവിക്കര - വട്ടിയൂര്‍ക്കാവ് - തിരുവനന്തപുരം പാതയും, അഞ്ചലാപ്പീസും, പോലീസ് സ്റ്റേഷനും, ഉദ്യോഗസ്ഥന്‍മാര്‍ക്കു തങ്ങുന്നതിനുള്ള ക്യാമ്പുഷെഡും അരുവിക്കരയുടെ ചരിത്രത്തിന്റെ ഭാഗമാണ്. 1931-ല്‍ വെല്ലിങ്ടണ്‍ പ്രഭു വൈസ്രോയിയായിരുന്ന കാലഘട്ടത്തിലാണ് അനന്തപുരിയിലേക്കു കുടിവെള്ളമെത്തിക്കുന്നതിനായി തമിഴ്നാട്ടുകാരായ കല്‍പ്പണിക്കാരെകൊണ്ടു കരമനയാറിന് കുറുകെ അരുവിക്കര അണക്കെട്ട് പണികഴിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണ്ണായകമായ വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ധീരദേശാഭിമാനികള്‍ക്കു ജന്മം നല്‍കിയ നാടാണിത്. ബ്രിട്ടീഷ് പാട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കെ.വി.നായരും അരുവിക്കര കുഴിവിളാകത്തു കുഞ്ഞുരാമന്‍ നായരുമായിരുന്നു അന്ന് കോണ്‍ഗ്രസ്സ് വോളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്‍കിയത്. പട്ടം താണുപിള്ളയുടെ ഭരണക്കാലത്ത് കരമനയാറില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകൊണ്ണി മേഖലയിലുള്ളവര്‍ക്ക് അരുവിക്കരയുമായി ബന്ധപ്പെടുന്നതിനു പണി തീര്‍ത്തതാണ് ചാണിച്ചല്‍ പാലം. ബി.വെല്ലിംഗ്ടണ്‍ മന്ത്രിയായിരുന്ന കാലത്തായിരുന്നു അരുവിക്കരപാലം പണികഴിപ്പിക്കുന്നത്. 1968 കാലഘട്ടത്തില്‍ കരമനയാറിന്റെ തടങ്ങളില്‍ വന്‍ വൈഡ്യൂര്യശേഖരം കണ്ടെത്തി. കോടിക്കണക്കിന് രൂപാ വിലമതിക്കുന്ന പലതരം രത്നങ്ങളും ഇവിടെ നിന്നും ലഭിച്ചതോടെ അരുവിക്കര രത്നവ്യാപാരികള്‍ക്കും പ്രിയപ്പെട്ട നാടായിമാറി.