ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം (History)
അരുവിക്കര എന്ന ഗ്രാമത്തിന് ആ പേര് ലഭിച്ചത് അരുവിയുടെ കരയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്.
പ്രധാന ചരിത്ര സംഭവങ്ങളും സ്ഥലങ്ങളും:
- കരമനയാർ: പൗരാണിക ആയുർവേദാചാര്യനായ അഗസ്ത്യമുനിയുടെ ആസ്ഥാനമായി കരുതപ്പെടുന്ന അഗസ്ത്യാർകൂടത്തിൽ നിന്ന് ഉത്ഭവിച്ച് ഗ്രാമത്തിലൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്നു.
- പഴയ ഭരണകേന്ദ്രങ്ങൾ: പുലയസമുദായത്തിന്റെ രാജ്ഞി കോതറാണി ഭരിച്ച കോക്കോതമംഗലവും, സാമ്പവകൊട്ടാരം നിലനിന്നിരുന്ന വെമ്പന്നൂരും അരുവിക്കരയിലെ പ്രദേശങ്ങളാണ്.
- തിരുവിതാംകൂർ ബന്ധം:
- നായാട്ടിനെത്തുന്ന തിരുവിതാംകൂർ രാജാക്കന്മാർ കുതിരകളെ കെട്ടിയിരുന്ന കുതിരകളം ഇപ്പോഴും ഇവിടെയുണ്ട്.
- തിരുവിതാംകൂർ മഹാരാജാവ് ഇവിടെ രാജകൊട്ടാരം പണിയാൻ ഉദ്ദേശിച്ചെങ്കിലും ദേവിയുടെ ഹിതത്തിന് എതിരാണെന്ന് മനസ്സിലാക്കി പിന്തിരിഞ്ഞു.
- രാജഭരണകാലത്ത് പണിതീർത്ത അരുവിക്കര - വട്ടിയൂർക്കാവ് - തിരുവനന്തപുരം പാതയും, അഞ്ചലാപ്പീസും, പോലീസ് സ്റ്റേഷനും, ഉദ്യോഗസ്ഥർക്കുള്ള ക്യാമ്പുഷെഡും അരുവിക്കരയുടെ ചരിത്രത്തിന്റെ ഭാഗമാണ്.
- അരുവിക്കര അണക്കെട്ട്: 1931-ൽ വൈസ്രോയി വെല്ലിങ്ടണ്‍ പ്രഭുവിന്റെ കാലഘട്ടത്തിൽ അനന്തപുരിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി കരമനയാറിന് കുറുകെ തമിഴ്‌നാട്ടുകാരായ കൽപ്പണിക്കാർ പണി കഴിപ്പിച്ചു.
- സ്വാതന്ത്ര്യസമരം: ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിർണ്ണായകമായ വട്ടിയൂർക്കാവ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി ദേശാഭിമാനികൾക്ക് ജന്മം നൽകിയ നാടാണിത്. കെ.വി.നായരും കുഴിവിളാകത്തു കുഞ്ഞുരാമൻ നായരുമായിരുന്നു കോൺഗ്രസ് വോളന്റിയർമാർക്ക് നേതൃത്വം നൽകിയത്.
- പാലങ്ങൾ:
- ചാണിച്ചൽ പാലം: പട്ടം താണുപിള്ളയുടെ ഭരണകാലത്ത് കരമനയാറിൽ ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകൊണ്ണി മേഖലയിലുള്ളവർക്ക് അരുവിക്കരയുമായി ബന്ധപ്പെടുന്നതിന് പണി തീർത്തു.
- അരുവിക്കരപ്പാലം: ബി. വെല്ലിംഗ്ടൺ മന്ത്രിയായിരുന്ന കാലത്താണ് പണി കഴിപ്പിച്ചത്.
- വൈഡൂര്യശേഖരം: 1968 കാലഘട്ടത്തിൽ കരമനയാറിന്റെ തടങ്ങളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വൈഡൂര്യശേഖരം കണ്ടെത്തി.
സാംസ്കാരികചരിത്രം (Cultural History)
- ശ്രീ നാരായണഗുരുദേവൻ: ഗുരുദേവന്റെ പാദസ്പർശമേറ്റു പരിപാവനമായ നാണമല അരുവിക്കരയിലെ ഇരുമ്പയിലാണ്.
- പ്രധാന ആരാധനാലയങ്ങൾ: അരുവിക്കര ശ്രീഭഗവതിക്ഷേത്രം, ഇടമൺ ശിവക്ഷേത്രം, മുണ്ടേലാ വലിയതൃക്കോവിൽ, മണ്ണാരംപാറ ശ്രീഭദ്രകാളിക്ഷേത്രം, ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം, ഭഗവതീപുരം കരിയംകുളം ദേവീക്ഷേത്രം, ക്രിസ്തീയ ദേവാലയങ്ങൾ (പൊന്തൻപാറ, ശാന്തിനഗർ, വെമ്പന്നൂർ, പാറക്കോണം), അഴിക്കോട് മുസ്ലീംപള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ.
- സാമൂഹ്യ പരിഷ്കരണം: അയിത്തം നിലനിന്നിരുന്ന പഴയ കാലഘട്ടത്തിൽ പോലും ഇവിടെ പുരോഗമനവാദികൾ ഉണ്ടായിരുന്നു:
- “നായർമാർക്കും പോറ്റിമാർക്കും മാത്രം” എന്ന ബോർഡുണ്ടായിരുന്ന പരമേശ്വരന്റെ ബാർബർഷോപ്പിന് വിപരീതമായി, എല്ലാവർക്കും തുല്യത നൽകിയിരുന്ന ഷാഹുൽ ഹമീദിന്റെ "ഐക്യസദനം" എന്ന പേരിലുള്ള ഹോട്ടലും അന്ന് അരുവിക്കരയിൽ ഉണ്ടായിരുന്നു.
- പൊതുസ്ഥാപനങ്ങൾക്ക് സ്ഥലം സംഭാവന:
- പഞ്ചായത്തോഫീസിന് കെട്ടിടം കെട്ടുന്നതിന് സ്ഥലം സംഭാവന ചെയ്തത് അരുവിക്കര ഇടമനമഠത്തിൽ ഈശ്വരൻ പോറ്റിയാണ്.
- അരുവിക്കര സർക്കാർ ആശുപത്രിക്ക് വേണ്ടി ഒരേക്കർ സ്ഥലം സംഭാവന നൽകിയത് പഞ്ചായത്തുഭരണസമിതി അംഗമായിരുന്ന അരുവിക്കര സരസ്വതിഭവനിൽ ബാലകൃഷ്ണപിള്ളയാണ്.
- പഞ്ചായത്തിലെ ആദ്യ ഉദ്യോഗസ്ഥ നിയമനം: നിയമനാധികാരി കൂടിയായിരുന്ന പഞ്ചായത്തുപ്രസിഡന്റ് ആദ്യമായി നിയമിച്ച ഉദ്യോഗസ്ഥർ രാഘവൻ നാടാരും (ഉദ്യോഗസ്ഥൻ) മാധവൻ നായരും (ക്ലാർക്ക്) ആയിരുന്നു.